Thursday, January 13, 2011

കവിത

കിനാവിന്‍റെ മയ്യത്ത് 
അവിടെ,
കാറ്റില്‍ ചന്ദനത്തിരിയുടെ ഗന്ധം 
ചുവട്ടില്‍ പച്ചമണ്ണിന്റെ നനവ്‌ 
മീസാന്‍ കല്ലുകളിളകുന്നു
മണ്‍കോരികള്‍ കലമ്പുന്നു 
കബറ് വെട്ടി പാതിയാവും നേരം 
കത്തീബ് വന്നങ്ങു ചൊല്ലി :
ഇവന്‍ 'മുടക്ക'പ്പെട്ടവന്‍
ഇവന്‍ വെല്ലുവിളിച്ചവന്‍
ഇവന്‍ പല്ലിളിച്ചവാന്‍
ഇവന്‍ പള്ളിയ്ക്ക് പുറത്തായവന്‍..
സന്തക്ക് ചലിച്ചില്ല ;
സന്താപം ചൊരിഞ്ഞില്ല
പള്ളിയ്ക്ക് മുന്നില്‍ വെയില് കാഞ്ഞിരുന്ന 
കുഞാമ്മദുക്ക മാത്രം 
പിറുപിറുത്തു:
'പള്ളിക്കാട്ടിലെയ്ക്കൊരു
ഇസ്ലാമിനെ കാത്ത് 
ജനാസയ്ക്കിരുന്ന എന്‍റെ 
പ്രതീക്ഷയും പോയി..' 
ഇവിടെ,
വാടകവീടിന്റെ മുറ്റത്ത് 
നാട്ടാരുടെ കൂട്ടം 
മരിച്ചവനെ ഒറ്റ ദിനം കൊണ്ടു 
സര്‍വ്വസമ്മതനാക്കുന്ന
പാശ്ചാത്താപികളുടെ തട്ടകത്തില്‍-
കുളിപ്പിക്കാനോദുന്നവര്‍.. 
വെളുത്ത കോടിയ്ക്ക് പായുന്നവര്‍ 
പന്തലിടുന്നവര്‍,
കസേരകളിറക്കുന്നവര്‍..
അകത്ത്,
അടുക്കളയോട് ചേര്‍ന്ന മുറിയില്‍ 
ദുരന്തജെന്മത്തിനു വച്ചു വിളമ്പിയ 
മാതാവിരിയ്ക്കുന്നു.
അച്ഛനും മകനും മാറിമാറി 
പരിക്കേല്‍പ്പിച്ച 
പുണ്ണ്യഹൃദയം സ്പന്ദിയ്ക്കുന്നു ..
കണ്ണീര്‍ച്ചാലുകള്‍..
വെണ്ണീര്‍ മോഹങ്ങള്‍ 
കരള്‍ വിങ്ങി കനലായ 
കാല സ്മരണകള്‍..
മകന്‍ പാപിയാനെന്നൊരു കൂട്ടര്‍ 
മകന്‍ പാവമാനെന്നൊരു കൂട്ടര്‍ 
മകന്‍ പാവയാനെന്നൊരു കൂട്ടര്‍..
പാപിയും പാവവും പാവയുമല്ലാത്ത
ഭീരുവാനെന്നു മറ്റൊരു പക്ഷം !
അമ്മ ഖേദിച്ചു 
ഭാര്യ ശങ്കിച്ചു
മക്കള്‍ ക്ഷോഭിച്ചു ..
പക്ഷെ ,നടുമുറിയില്‍
വെള്ളവിരിയ്ക്കടിയില്‍ കിടന്ന 
മയ്യത്ത് മാത്രം ചിരിച്ചു :
സത്യമിതൊന്നുമല്ലല്ലോ ദൈവമേ 
സ്വാര്‍ത്ഥനായിപ്പോയതാണല്ലോ കാരണം.!
-കെ.എസ്.നൗഷാദ്‌  

3 comments:

  1. എന്തെല്ലാമോ ഓര്‍മപ്പെടുത്തലുകള്‍.....!!!! :( പറയാന്‍ ഉള്ളതും ചെയ്യാനുള്ളതും തീര്‍ക്കാതെ ഒരിക്കല്‍ ഇങ്ങിനെ കിടക്കേണ്ടി വരുമ്പോള്‍................

    ReplyDelete
  2. നല്ല വരികള്‍
    ചിലതിനെ ഒര്‍മിപ്പിച്ചു

    ReplyDelete