Thursday, October 6, 2011

അമ്പലപ്പുഴ നീര്‍ക്കുന്നം മാധവമുക്കിലെ റയില്‍വേ പാളത്തില്‍ അഞ്ചുമണിയുടെ ട്രെയിനിനു മുന്നില്‍ 
ചാടി ആത്മഹത്യചെയ്യാന്‍ തയ്യാറായി നില്‍ക്കുകയാണ് ചെല്ലമ്മ അന്തര്‍ജ്ജനം.
കയ്യിലൊരു പെട്ടിയുണ്ട്.അതുവഴി വന്ന അമ്പലപ്പുഴ വടക്ക്‌ ഗ്രാമ പഞ്ചായത്തന്ഗം,റസിയബീവി 
മരിക്കാനോരുങ്ങി നിന്ന ഈ അമ്മയെ കണ്ടു.നല്ല ഓമനത്തമുള്ള മുഖം !പ്രിയപ്പെട്ടവരൊക്കെ 
കയ്യോഴിഞ്ഞപ്പോള്‍ ജീവിതം വേണ്ടെന്നു തീരുമാനിച്ചതാകാം,ഈ സുന്ദരിയമ്മയെന്നു റസിയയ്ക്ക് തോന്നി.
പ്രായം എഴുപതിന് മേലുണ്ട്.റസിയ നിര്‍ബന്ധിച്ച് അവരെ പാളത്തില്‍ നിന്ന് പുറത്തുകൊണ്ടു വന്നു..
(മലയാള മനോരമയുടെ 'ഞായറാഴ്ച' പതിപ്പില്‍ നിന്ന്..)
ഇത് യഥാര്‍ത്ഥ ജീവിത കഥ !
ആ നേര്‍ രംഗങ്ങളില്‍ നിന്നാണ് ഈ ഹൃദയാക്ഷരങ്ങളുടെ പിറവി.
ഇവിടെ,ലക്ഷ്മിയമ്മയും റസിയയും ഹനീഫയും അച്ചുവും 
ആമിയും പ്രകാശനും സുബൈര്‍ ഉസ്താദും സ്വാമി ആത്മചൈതന്യയുമൊക്കെയായി
പുനര്‍ജനിക്കുമ്പോള്‍ കാലിക കേരളത്തിന്റെ പരിഛെദം കൂടിയാണ് 
വായനക്കാര്‍ക്ക് സംവേദനക്ഷമമാകുന്നത്.
സമ്മോഹനസമാനമായ ഒത്തിരി സ്നേഹമുഹൂര്ത്തങ്ങള്‍ 
സമ്മാനിച്ചുകൊണ്ടാണ് ഓരോ പേജുകളും നിങ്ങള്‍ക്കായി 
തുറക്കപ്പെടുന്നത്..കണ്‍കോണുകളില്‍ ഇത്തിരിഉറവകള്‍ വറ്റാത്തവര്‍ക്കായി 
ഒത്തിരി മാനവ സന്ദേശങ്ങളുമായ് ഇതാ സമര്‍പ്പിക്കുന്നു..
'തനിച്ചല്ല ഞാന്‍..'
i am not alone..... 


Monday, August 29, 2011

പെരുന്നാള്‍ !

എല്ലാം സഹിയ്ക്കും നാള്‍ 
എല്ലാം ത്യജിയ്ക്കും നാള്‍
എല്ലാം പൊറുക്കും നാള്‍ 
എല്ലാം മറക്കും നാള്‍ 
ഇത് പെരുന്നാള്‍ !
ഫണം!

പണമില്ലാതെ ജീവിച്ചാലും
'പണയപ്പെടുത്തി' ജീവിയ്ക്കരുത്..
പണയത്തിനുമേല്‍ പരുന്തു
വട്ടമിട്ടു പറക്കും..
നമ്മെ റാഞ്ചിക്കൊണ്ടു പോകയും ചെയ്യും..!
വൈകുന്തോറും പണയം ഫണമാകും;
തിരിഞ്ഞുകൊത്തും ;
വരിഞ്ഞുമുറുക്കും !
(പണയ വ്യാപാര സ്ഥാപനങ്ങള്‍ പൊറുക്കുക )

ഇന്ന് ഞാന്‍ നാളെ നീ 

ഇവിടെ-
കൊല്ലാന്‍ നിര്‍ത്തിയെന്നെ..
ഞാനുടന്‍-
എല്ലാം നിര്‍ത്തി പൊന്നേ..
നാളെ-
എല്ലാം നിരത്തും പിന്നെ..
അതുവരെ-
കല്ലായി നിര്‍ത്തുക എന്നെ..!

ഇന്റര്‍നെറ്റ് !

ഭൂമി കയ്യേറിയാല്‍ ജേസീബി 
ബ്ലോഗ്‌ കയ്യേറിയാല്‍ വണ്‍ ജി ബി ! 
ജോലി !

കൂട്ടിക്കൊടുത്താണ് 
ജീവിക്കുന്നതെന്ന് സമൂഹം!
കണക്കപ്പിള്ളയായതില്‍
അയാള്‍ സ്വയം ശപിച്ചു !  
മറവി 

വൃത്തത്തിനുള്ളില്‍ നിന്നെന്‍ 
കവിതയ്ക്ക് പിറവി !
ആ വൃത്തമൊരു 
വട്ടപ്പൂജ്യമെന്നത് 
കവിയുടെ മറവി !


K.s. Noushad11:37am Aug 18
വാതില്‍ !

പലര്‍ ഉരുമ്മിയ പെണ്ണും
ചിലര്‍ ഉരുമ്മിയ പലകയും
പിന്നീട് -
മലര്‍ക്കെ തുറക്കുന്ന
വാതിലാകും !
എ പ്ലസ് 

നാലു കാലുള്ള 
തവളയെ കീറി ,
രണ്ടു കാലുള്ള 
നിങ്ങളെ കൊല്ലുവാന്‍..
ജീവശാസ്ത്രത്തിന്‍റെ 
പരീക്ഷയെഴുതി ഞാന്‍-
ബയോളജിക്കെനിക്ക് 
എ പ്ലസ് !
മലയാളം 

മലയോളമെഴുതരുത് മലയാളം
കലയോടെയെഴുതണം മലയാളം!
ഇഷ്ടാനിഷ്ടം !

എനിക്കിഷ്ടമില്ലാത്തവര്‍ ധാരാളമുണ്ട്..
അതിലൊരാള്‍ ഞാനാണ്..!
എനിക്കിഷ്ടമുള്ളവര്‍ ധാരാളമുണ്ട്..
അതിലൊരാള്‍ ഞാനല്ല;നീയാണ്..!

പങ്ക്!

ഞങ്ങള്‍ സ്വപ്‌നങ്ങള്‍ 
പങ്കുവയ്ക്കുകയായിരുന്നു..
ദു:സ്വപ്‌നങ്ങള്‍ മുഴുവന്‍ 
എനിയ്ക്കു തന്നിട്ട് 
മധുരസ്വപ്നങ്ങളുമായി
അവള്‍ പോയി..! 

ചെറിയൊരു സത്യം!

കാമമാണച്ഛന്‍
കാമമാണമ്മ
കാമത്തെ കൊന്നിരുന്നെങ്കില്‍ 
നാമിന്നു കാണില്ലായിരുന്നു.! 

പഴയൊരു ഓര്‍മ്മച്ചിത്രം! മലയാളത്തിന്റെ എക്കാലത്തെയും അതുല്യപ്രതിഭാ ശാലികളോടോത്ത്..മുരളിയേട്ടന് ഹൃദാഞ്ജലി...


Thursday, May 19, 2011

ചരിത്രം : 
ചാരിത്ര്യത്തിന്റെ ചരിത്രമെഴുതാനിരുന്ന 
എനിക്ക് 'സീത' എന്ന് മാത്രമെഴുതി 
ചരിത്രം അവസാനിപ്പിക്കേണ്ടി വന്നു ..!

ദക്ഷിണ മൂകാംബി
സര്‍ഗവരം നേടുവാന്‍
സ്വര്‍ഗകരം തേടി ഞാന്‍
ദക്ഷിണ മൂകാംബി നടയില്‍
ദക്ഷിണയാണമ്മേ ഈ കവിത
അക്ഷീണമംബികേ നിന്‍ സവിധം..
   കാരുന്ന്യസാഗരം കലയുടെ മര്‍മ്മരം
   തിരയടിച്ചുയരുന്നീ തിരക്കില്‍
   തിരിഞ്ഞൊന്നു നോക്കാതെ മിഴിയടച്ചിരുട്ടില്‍
   തിരയുന്നു മോഹിനീ നിന്‍ വിശ്വരൂപം..
നാടിന്‍റെ നെറുകയില്‍ നേരിതള്‍ താമര
ചെറിലേക്കാഴാതെ താപസീ നിന്‍ നില  എന്നഹങ്കാരങ്ങള്‍..എന്നഹംഭാവങ്ങള്‍..
നിന്‍ നടയിലോടുങ്ങട്ടെ;എന്‍ നന്മ ഉണരട്ടെ..

ഡാഡി-മമ്മി
അച്ഛനും വാപ്പ്യ്ക്കും
ചന്തം പോരാഞ്ഞു ഞാന്‍
വിളിച്ചൂ-'ഡാടീ..'
അമ്മയും ഉമ്മയും നാവില്‍ വരാഞ്ഞ്
ഞാന്‍ വിളിച്ചൂ-'മമ്മീ..'
പട്ടിയെ പേടിച്ചു
വീട്ടിലെയ്ക്കോടിയ
പട്ടാപ്പകല് മാത്രം
ഞാന്‍ വിളിച്ചൂ-
'എന്ടമ്മോ.!!.'
-ആകെത്തുക-
ഉറച്ച്ചെഴു'തുക'
ഉറക്കെയെഴു'തുക'
ഉറങ്ങാതെയെഴു'തുക'
ഉണര്‍വോടെയെഴു'തുക'
ഉത്തരം നല്‍കിയെഴു'തുക'
അഹന്തയെ അക'ത്തുക'
'തുക' തേടിയെത്തും നിശ്ചയം..!
എഴുത്ത്
കരുതിയെഴുതണം
കരുണ ചോരരുത്
കരുത്തിലെഴുതണം
പരത്തിയെഴുതരുത്
വിശപ്പോടെയെഴുതണം
വിരട്ടിയെഴുതരുത്
വില വാങ്ങിയെഴുതണം
വില  പേശിയെഴുതരുത്.

Thursday, January 13, 2011

കവിത

കിനാവിന്‍റെ മയ്യത്ത് 
അവിടെ,
കാറ്റില്‍ ചന്ദനത്തിരിയുടെ ഗന്ധം 
ചുവട്ടില്‍ പച്ചമണ്ണിന്റെ നനവ്‌ 
മീസാന്‍ കല്ലുകളിളകുന്നു
മണ്‍കോരികള്‍ കലമ്പുന്നു 
കബറ് വെട്ടി പാതിയാവും നേരം 
കത്തീബ് വന്നങ്ങു ചൊല്ലി :
ഇവന്‍ 'മുടക്ക'പ്പെട്ടവന്‍
ഇവന്‍ വെല്ലുവിളിച്ചവന്‍
ഇവന്‍ പല്ലിളിച്ചവാന്‍
ഇവന്‍ പള്ളിയ്ക്ക് പുറത്തായവന്‍..
സന്തക്ക് ചലിച്ചില്ല ;
സന്താപം ചൊരിഞ്ഞില്ല
പള്ളിയ്ക്ക് മുന്നില്‍ വെയില് കാഞ്ഞിരുന്ന 
കുഞാമ്മദുക്ക മാത്രം 
പിറുപിറുത്തു:
'പള്ളിക്കാട്ടിലെയ്ക്കൊരു
ഇസ്ലാമിനെ കാത്ത് 
ജനാസയ്ക്കിരുന്ന എന്‍റെ 
പ്രതീക്ഷയും പോയി..' 
ഇവിടെ,
വാടകവീടിന്റെ മുറ്റത്ത് 
നാട്ടാരുടെ കൂട്ടം 
മരിച്ചവനെ ഒറ്റ ദിനം കൊണ്ടു 
സര്‍വ്വസമ്മതനാക്കുന്ന
പാശ്ചാത്താപികളുടെ തട്ടകത്തില്‍-
കുളിപ്പിക്കാനോദുന്നവര്‍.. 
വെളുത്ത കോടിയ്ക്ക് പായുന്നവര്‍ 
പന്തലിടുന്നവര്‍,
കസേരകളിറക്കുന്നവര്‍..
അകത്ത്,
അടുക്കളയോട് ചേര്‍ന്ന മുറിയില്‍ 
ദുരന്തജെന്മത്തിനു വച്ചു വിളമ്പിയ 
മാതാവിരിയ്ക്കുന്നു.
അച്ഛനും മകനും മാറിമാറി 
പരിക്കേല്‍പ്പിച്ച 
പുണ്ണ്യഹൃദയം സ്പന്ദിയ്ക്കുന്നു ..
കണ്ണീര്‍ച്ചാലുകള്‍..
വെണ്ണീര്‍ മോഹങ്ങള്‍ 
കരള്‍ വിങ്ങി കനലായ 
കാല സ്മരണകള്‍..
മകന്‍ പാപിയാനെന്നൊരു കൂട്ടര്‍ 
മകന്‍ പാവമാനെന്നൊരു കൂട്ടര്‍ 
മകന്‍ പാവയാനെന്നൊരു കൂട്ടര്‍..
പാപിയും പാവവും പാവയുമല്ലാത്ത
ഭീരുവാനെന്നു മറ്റൊരു പക്ഷം !
അമ്മ ഖേദിച്ചു 
ഭാര്യ ശങ്കിച്ചു
മക്കള്‍ ക്ഷോഭിച്ചു ..
പക്ഷെ ,നടുമുറിയില്‍
വെള്ളവിരിയ്ക്കടിയില്‍ കിടന്ന 
മയ്യത്ത് മാത്രം ചിരിച്ചു :
സത്യമിതൊന്നുമല്ലല്ലോ ദൈവമേ 
സ്വാര്‍ത്ഥനായിപ്പോയതാണല്ലോ കാരണം.!
-കെ.എസ്.നൗഷാദ്‌  


എന്‍റെ നാട്;എന്‍റെ സുകൃതം !


എന്‍റെ നാട്;എന്‍റെ സുകൃതം!
  
പഞ്ചായത്തിലാകെ ഒരൊറ്റ മുസ്ലിം വീട്..!
  അതായിരുന്നു എന്‍റെ കുടുംബത്തിന്റെ പ്രത്യേകത.
  ഹിന്ദുക്കളും ക്ര്യസ്തവരും മാത്രമുള്ള നാട്ടിലേക്ക് എട്ടാം വയസ്സില്‍ എത്തിയതായിരുന്നു എന്‍റെ വാപ്പ.
  അറുപത്തഞ്ചാം  വയസ്സില്‍ മരിയ്ക്കും വരെ അദ്ദേഹം ഈ നാടിനെ സ്നേഹിച്ചിരുന്നു.;നാട് തിരിച്ചും!
  ആ സ്നേഹബന്ധുത ഇന്നും  എന്‍റെ അമ്മയിലൂടെ തുടരുന്നു. ശ്രീ കുരുതികാമാന്‍കാവും  ശങ്കരനാരായണസ്വാമി ക്ഷേത്രവും സെന്റ്ജോര്‍ജ് ചര്‍ച്ചും ഊളയക്കല്‍ പള്ളിയുമൊക്കെ വിശ്വാസികള്‍ക്ക് ആശ്വാസവും  ആഘോഷവും പകരുന്ന നാട്ടില്‍ ഒരു മുസ്ലിം പള്ളിയില്ലാത്ത്തത് ഒരു കുറവായിരുന്നില്ല.
(ജുമാ നമസ്ക്കാരത്തിനു പതിനഞ്ചു കിലോമീറ്റെര്‍ സഞ്ചരിക്കണമെന്നിരിയ്ക്കെ)      കാരണം എല്ലാവരും മത്സരിച്ചു ഞങ്ങളെ  സ്നേഹിച്ചു.
  ഈ   ന്വൂനപക്ഷ തറവാട്ടിലെ ഏഴു നിക്കാഹുകള്‍ക്ക് ആ ബെഹുഭൂരിപക്ഷം ഒന്നടങ്കമാണ് ആളുംഅരങ്ങുമൊരുക്കിയത്.എന്‍റെ വാപ്പയുടെ മയ്യത്ത് അകലെ പുതൂര്പള്ളിയിലെ കബരിടത്തിലെയ്ക്ക് കൊണ്ടുപോകുമ്പോഴും "സന്തക്കിനു" പിന്നാലെ ആ ബെഹു ഭൂരിപക്ഷം കണ്ണീരോടെ അനുഗമിച്ചിരുന്നു.
  എങ്ങിനെ നന്ദി പറയും..?
  മാറാടും ഗുജറാത്തും ആവര്ത്തിയ്ക്കുന്ന നാട്ടില്‍, ഈ സുകൃതം പുറം ലോകം  വിശ്വസിക്കുമോ..?
  വര്‍ഗസ്പര്‍ധയരിയാത്ത  ഒരു വിശുദ്ധഭൂമിയില്‍-തോട്ടയ്ക്കാട്ട് -ജെന്മമെടുക്കാന്‍ കഴിഞ്ഞത് ആയുര്‍ ഭാഗ്യം..!
  _കെ.എസ്.നൗഷാദ്‌